
ഇറാനിൽ ഏതു നിമിഷവും അമേരിക്കയുടെ ആക്രമണം ഉണ്ടാകാമെന്ന് റിപ്പോർട്ട്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇറാനിൽ നടക്കുന്ന വൻ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം ശ്രമിക്കുന്നതിനിടെയാണ് അമേരിക്ക ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത 24 മണിക്കൂറിനകം ഇറാനെതിരെ അമേരിക്കയുടെ സൈനിക ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ അന്താരാഷ്ട്ര തലത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും, ആക്രമണം എങ്ങനെ, എപ്പോൾ എന്നതു മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും ഇസ്രയേൽ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകരെതിരെ നടക്കുന്ന ക്രൂരമായ നടപടികൾ തുടർന്നാൽ ഇടപെടൽ ഉണ്ടാകുമെന്ന് ട്രംപ് മുമ്പ് പലവട്ടം ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിലെ പ്രതിഷേധത്തിന്റെ വ്യാപ്തിയും യഥാർഥ മരണസംഖ്യയും വിലയിരുത്താൻ ട്രംപ് സുരക്ഷാ കാബിനറ്റിന് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഖത്തർ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, യുഎസ്–ഇറാൻ നയതന്ത്ര ചർച്ചകൾ നിർത്തിവച്ചത് സംഘർഷസാധ്യത വർധിപ്പിക്കുന്നു. ഇതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ അനുവദിക്കരുതെന്ന നിലപാടുമായി റഷ്യയും ചൈനയും രംഗത്തെത്തി.
നയതന്ത്രതലത്തിൽ നീക്കങ്ങൾ ശക്തമാകുന്നതിനിടെ, ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ അൽത്താനിയുമായി കൂടിക്കാഴ്ച നടത്തി. ഇറാൻ വിദേശകാര്യമന്ത്രി തുർക്കി, യുഎഇ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായും ആശയവിനിമയം നടത്തി. പ്രതിഷേധവുമായി ബന്ധപ്പെട്ട് 18,137 പേരെ അറസ്റ്റ് ചെയ്തതായാണ് യുഎസ് ആസ്ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ.
പ്രക്ഷോഭകരുടെ മരണസംഖ്യ പുറത്തുവിടാൻ ഇറാൻ തയ്യാറായിട്ടില്ല. എന്നാൽ, നൂറിലധികം സുരക്ഷാസേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന അവകാശവാദം സർക്കാർ ആവർത്തിക്കുന്നു. സുരക്ഷാസേനയെ ആക്രമിച്ചതായി കുറ്റസമ്മതം നടത്തുന്ന നൂറോളം യുവാക്കളെ സർക്കാർ നിയന്ത്രണത്തിലുള്ള ടെലിവിഷനിൽ പ്രദർശിപ്പിക്കുകയും, അവർ ഉപയോഗിച്ചതെന്നു പറയുന്ന ആയുധങ്ങൾ കാണിക്കുകയും ചെയ്തു. പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇസ്രയേൽ–യുഎസ് പിന്തുണയുണ്ടെന്നുമാണ് അധികാരികളുടെ ആരോപണം.
ഈ കുറ്റസമ്മതങ്ങൾ സർക്കാർ നിർബന്ധിച്ച് നടത്തിയതാണെന്നു മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുന്നു. മുൻകാല പ്രക്ഷോഭങ്ങളിലെയും സമാന സംഭവങ്ങൾ അവർ ഓർമ്മിപ്പിക്കുന്നു. അതിനിടെ, യുദ്ധം ഭയന്ന് ഡസൻകണക്കിന് ഇറാൻ കുടുംബങ്ങൾ തുർക്കിയിലേക്ക് പലായനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. തുർക്കിയുടെ കിഴക്കൻ അതിർത്തി പ്രദേശങ്ങളിലൂടെയാണ് ഇവർ രാജ്യം വിട്ടതെന്ന് സ്ഥിരീകരിക്കപ്പെടുന്നു.











